2016, ജൂലൈ 25, തിങ്കളാഴ്‌ച

ഊണ് റെഡി


ഒരു  ആനയെ  തിന്നാനുള്ള  വിശപ്പുമായാണ്  ഞാൻ  കുഞ്ഞേട്ടന്റെ  കടയിലേക്ക്  കേറിയത്. വലിയ  തിരക്കില്ലാത്ത    കവലയിൽ  താമസിക്കുന്ന  എന്നെപ്പോലെ  ഉള്ളവർക്ക്  ഏക  ആശ്രയമാണ്  കുഞ്ഞേട്ടന്റെ  ഹോട്ടൽ. കാര്യം  നാട്ടുമ്പുറത്തെ  ഹോട്ടൽ  ആണേലും  വൃത്തിയിലും  വെടുപ്പിലും  സന്ധിയില്ലാത്ത  ആളാണ്  കുഞ്ഞേട്ടൻ. ഞങ്ങളെയൊക്കെ  അങ്ങോട്ടേക്ക്  ആകർഷിച്ച  ഘടകവും  അത്  തന്നെ  നാട്ടുകാർക്കെല്ലാം  കുഞ്ഞേട്ടനാണയാൾ. യഥാർത്ഥ  പേര്  കുഞ്ഞിക്കണ്ണൻ. പേരിൽ  ഒരല്പം  അപകടം  പതിയിരിക്കുന്നത്കൊണ്ടാവാം  എല്ലാരും  അദ്ദേഹത്തെ  കുഞ്ഞേട്ടൻ  എന്ന്  വിളിച്ചു  പോരുന്നത്. ഞാൻ  ഇവിടെ  സ്ഥിരം  പറ്റുകാരനായിട്ടു  വിരലിലെണ്ണാവുന്ന  ദിവസമേ  ആയിട്ടുള്ളു. ഇങ്ങോട്ടു  സ്ഥലം  മാറ്റം  കിട്ടി  വന്നിട്ട്  അത്രയൊക്കെ  തന്നെയേ  ആയിട്ടുള്ളു  എന്ന്  കൂട്ടിക്കോളൂ.
കുഞ്ഞേട്ടാ  കഴിക്കാൻ  എന്തുണ്ട്?” ഉച്ചവെയിലിൻ  പരാക്രമം  തൂവാലകൊണ്ടു  അമർത്തി  മുഖത്തുനിന്നും  ഒപ്പിയെടുത്തുകൊണ്ടു  ഞാൻ  ചോദിച്ചു.
ഊണ്, പൊറോട്ടമറുപടി  എത്തി.
ദേശീയ  ആഹാരത്തിന്റെ  ദൂഷ്യവശങ്ങളെപ്പറ്റി  നല്ല  ബോധം  ഉള്ളതുകൊണ്ട്  ഞാൻ  പ്രതിവചിച്ചു… “ഊണ്  മതി
ഓർഡർ  ചെയ്ത  സാധനം  നിമിഷങ്ങൾക്കകം  ടേബിളിൽ  എത്തി. കൂടെ  പതിവ്  ചോദ്യവും… “ഒഴിക്കാനെന്താ  വേണ്ടത്? സാമ്പാറ്, മീഞ്ചാറു
മീഞ്ചാറു  മതി
അതും  എത്തി . വിശപ്പിന്റെ  ആധിഖ്യത്തിൽ  ഉരുളകൾ  കുഴച്ചടിക്കാൻ  തുടങ്ങിയപ്പോൾ  അടുത്ത  പതിവ്  ചോദ്യമെത്തി .
പെഷ്യൽഎന്തെലും  വേണോ  കുഞ്ഞേ ?”
എന്താ  ഉള്ളത് ?” നല്ല  വിശപ്പ്  ഉള്ളതിനാൽ  ഊണ്  അല്പം  ആര്ഭാടമാക്കാം  എന്ന്  ഞാനും  കരുതി.
ആമ്പ്ലീറ്റ്‌  , ബീഫ്  റോഷ്ട്ടു
അയ്യോ! രണ്ടും   വേണ്ടാ . മീൻ   വറുത്തത്   ഇല്ലേ?”
എന്റെ  പൊന്നു  കുഞ്ഞേ  മീനൊക്കെ  എന്നാ  വിലയാണെന്നറിയുവോ? ഇവിടെ  മീൻ  വാങ്ങീട്ടു  തന്നെ  നാലഞ്ചു  നാളായി. ഇനിയിപ്പോ  ട്രോളിങ്  കഴിയണം…”
കുഞ്ഞേട്ടാ! അപ്പൊ    ഒഴിച്ച  മീഞ്ചാറോ?!” വിശപ്പിന്റെ  ആധിഖ്യത്തിൽ  ആക്രാന്തത്തോടെ  അകത്താക്കിയ  നാലഞ്ചു  ഉരുള  പുറത്തേക്കു  വരുന്ന  പോലെ  എനിക്ക്  തോന്നി. ഞാൻ  പ്ളേറ്റിൽ  നിന്നും  കുഴച്ചു  വച്ചിരിക്കുന്ന  ചോറ്  അല്പം  എടുത്തു  മണത്തു  നോക്കി…. മുന്നിലത്തെ  രണ്ടു  മേൽപ്പള്ളില്ലാത്ത  മോണ കാട്ടി  കുഞ്ഞേട്ടൻ  ഒരു  ബ്ലിങ്കിയ  ചിരി  ചിരിച്ചു .
ഞാൻ  കുടിക്കാൻ   വെള്ളം  എടുത്തിട്ട്  വരാംഅയാൾ  അകത്തേക്ക്  വലിഞ്ഞു. ഞാൻ  വീണ്ടും  കറി  മണത്തു  നോക്കി. ചീത്ത  ആയതിന്റെ  ലക്ഷണമൊന്നും  ഇല്ല . പിന്നെ ?!
എനിക്കുമുന്നെ  മറ്റൊരു  ടേബിളിൽ  ഊണുതുടങ്ങിയ  എന്റെ  കൂടെ  ജോലി  ചെയ്യുന്ന  അനിലേഷ്  സർ  അടുക്കളയിലേയ്ക്ക്  നോക്കി  ഉറക്കെ  വിളിച്ചു  “കുഞ്ഞേട്ടാ  അല്പം  മീഞ്ചാറു
മീഞ്ചാറില്ല . തക്കാളിക്കറിയേ ഉള്ളു.” അകത്തൂന്ന്  കുഞ്ഞേട്ടന്റെ  ശബ്ദം.
അനിലേഷ്  സർ  “ഇത്ര  പെട്ടന്ന്  തീർന്നോ?”
ദാ ഇപ്പൊ  തീർന്നേ  ഉള്ളു

അപ്പോൾ  എനിക്ക്  കാര്യം  പിടികിട്ടി. സംഗതി  ഫ്രഷ്  തന്നെയാണ്. മാർക്കറ്റിൽ  ഒരു  ബൂം  കിട്ടാൻ  വേണ്ടി  തക്കാളിക്കറിയെ മീഞ്ചാറായി  നാമകരണം  ചെയ്തതാണ്  കുഞ്ഞേട്ടൻഎന്റെ  പോയ്മറഞ്ഞ  വിശപ്പ്  വീണ്ടും  ശക്തമായി തിരിച്ചുവന്നു. ശേഷം  ട്രോളിങ്  കഴിയുന്ന  വരെ  കുഞ്ഞേട്ടന്റെ  ഒഴിച്ചുകറി  മെനുവിൽ  തക്കാളിക്കറീം  സാമ്പാറുമേ ഉണ്ടായിരുന്നുള്ളു.

2 അഭിപ്രായങ്ങൾ: