2010, മേയ് 23, ഞായറാഴ്‌ച

വയറ്റിപ്പിഴപ്പ്

വിജനമായ നിരത്തിലേയ്ക്കിറങ്ങുമ്പോള്‍ മൊയ്തീന് ആ കാഴ്ച കൌതുകമായി തൊന്നി. പ്രധാനപാത നിശബ്ദമാണ്. ഒറ്റതിരിഞ്ഞ് പൊകുന്ന ഇരുചക്ര വാഹനങ്ങള്‍ മാത്രം.മൊയ്തീന് ഇതൊരു പുതുമയുള്ള കാഴ്ചയല്ല.മൊയ്തീന്‍ പാതയുടെ ഇരുവശങ്ങളിലേയ്ക്കും തന്റെ നോട്ടം പായിച്ചു. പ്രഭാതത്തിന്റെ തണുവോലും പുകമഞ്ഞ് സൂര്യകിരണങ്ങളാല്‍ പൊന്‍പ്രഭ പൂണ്ടു.
മൊയ്തീന്‍ തന്റെ ചെറിയ ബ്രോയിലര്‍ ഫാമിലേയ്ക്ക് കയറി. ഇറച്ചിക്കോഴികള്‍ വില്‍ക്കപ്പെടും എന്ന ബോര്‍ഡ് ആരോ നശിപ്പിച്ചിരിക്കുന്നു. ഹര്‍ത്താലുകാരാണ്. ഭരണപ്പാര്‍ട്ടിയുടെ ഒത്താശയുള്ളതിനാല്‍ എന്തും ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ്. ബോര്‍ഡ് നേരെയാകാന്‍ ഒരു വിഭലശ്രമം മൊയ്തീന്‍ നടത്തി. പെട്ടന്ന് റോഡിലൂടെ ഒരു കാര്‍ കടന്നുപോയി. അതില്‍ എഴുതി ഒട്ടിച്ചിരുന്നു. മരണം. മരിച്ച ഭാഗ്യാത്മാവിന്റെ പടവും പതിച്ചിരുന്നു. അതു നന്നായി മരണത്തിനു പോന്നവരെ ഒഴുവാക്കുന്ന മനുഷ്യത്ത്വം ഈ നീച ജന്മങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെല്ലൊ?
നിത്യച്ചെലവിനു മുട്ടുള്ള തന്നെപ്പോലെയുള്ളവരെ ഈ ഹര്‍ത്താല്‍ വലയ്ക്കുകയേയുള്ളു. ഇളയ മകളുടെ പരീക്ഷാഫീസ് പിഴയോടുകൂടി അടയ്ക്കേണ്ട അവസ്സാന തീയതി നാളെയാണ്. കോളേജുകാര്‍ക്കറിയില്ലല്ലൊ ഹര്‍ത്താലാണെന്ന്. അതുകൊണ്ട് ഒരു ദിവസം കൂട്ടിത്തരികയുമില്ല. എല്ലാം തങ്ങളുടെ തലയിലൂടെയാണ് ഓടുന്നതെന്ന ഭാവേന നടക്കുന്ന ഈ പാര്‍ട്ടക്കാരെക്കൊണ്ട് ഇതിനു വല്ല പരിഹാരവും കാണാന്‍ കഴിയുമൊ? അതുമില്ല. അതെങ്ങിനെ അവര്‍ ജനദ്രോഹ നടപടികളുമായി മുന്നേറുകയല്ലെ? എന്തായാലും ഹര്‍ത്താല്‍ വന്നാലും ഇല്ലേലും ഫീസ് കൊടുക്കേണ്ട തീയതിയില്‍ മാറ്റം വരില്ല. അതു നാളെത്തന്നെ അടയ്ക്കണം. എന്തെതിര്‍പ്പുണ്ടായാലും ഇന്ന് കച്ചവടത്തിന് ഇറങ്ങുക തന്നെ. മിക്ക സ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ അവധിനല്‍കിയതിനാല്‍ തന്റെ കോഴിക്കച്ചവടം പൊടിപൊടിക്കും എന്ന് മൊയ്തീന്‍ ഓര്‍ത്തു.
നേരം പുലരുന്നതനുസ്സരിച്ച് ഇടവിട്ട് ജീപ്പും കാറുകളും പോയിത്തുടങ്ങി. അതു മൊയ്തീന്റെ സന്ദേഹങ്ങളെ തെല്ലു ശമിപ്പിച്ചു. എല്ലാ വാഹനങ്ങളുടെയും മുന്‍പിലും പിറകിലും ഉള്ള ചില്ലുകളില്‍ വിവാഹം, മരണം, പത്രം, എയര്‍ പോര്‍ട്ട് എന്നിങ്ങിനെ എന്തെങ്കിലും ഒന്ന് പതിച്ചിരുന്നു. മൊയ്തീനും അപ്പോള്‍ ഒരാശയം ഉള്ളിലുദിച്ചു. ഇതുപോലെ എന്തെങ്കിലും എഴുതിയൊട്ടിച്ചുകൊണ്ടിറങ്ങിയാലൊ? എന്തെഴുതും? തന്റെ ഈ തല്ലിപ്പൊളി വണ്ടികണ്ടാല്‍ വിവാഹത്തിനൊ എയര്‍ പോര്‍ട്ടിലൊ പോകുന്നതായി തൊന്നില്ലെല്ലൊ? കാരണം അതുമുഴുവന്‍ കോഴിക്കാഷ്ടവും തൂവലും കോഴിത്തീറ്റയും കൊണ്ട് വികൃതമായിരിക്കുകയല്ലെ? പിന്നെന്തുചെയ്യും?
മൊയ്തീന്‍ ഒരു കാര്‍ഡ് ബോര്‍ഡ് എടുത്ത് അതില്‍ പേനകൊണ്ടെഴുതി
വയറ്റിപ്പിഴപ്പ്
അതിനു ശേഷം അതു തന്റെ വണ്ടിയില്‍ ഏവരും കാണും വിധം കെട്ടിത്തൂക്കി. കോഴികളെ നിറച്ച കൂടകള്‍ എടുത്ത് വണ്ടിയില്‍ വച്ച് അതുമായി നിരത്തിലിറങ്ങി. വേഗംതന്നെ പ്രധാനപാത വിട്ട് കൂടുതല്‍ കച്ചവടമുള്ള ഏതേലും ചെറിയ വഴിപിടിക്കണം. മനുഷ്യത്ത്വമുള്ളവരല്ലേ എല്ലാവരും? തന്റെ ബോര്‍ഡ് കണ്ടാല്‍ ആരും തന്നെ തടയില്ല. ഏതുപാര്‍ട്ടിക്കാരായാലും തന്നെ അറിയാവുന്ന തന്റെ കുട്ടികളാണവരെല്ലാം. പിന്നെ എന്തു പേടിക്കുവാനാണ്? വണ്ടിയോടിക്കുമ്പോള്‍ മൊയ്തീന്റെ ചിന്ത ഇതായിരുന്നു.
ഭാഗ്യം! പ്രധാന പാത കഴിഞ്ഞു. ഇനി വലിയ പ്രശ്നം ഉണ്ടാകില്ല. പലയിടത്തും മൊയ്തീന്‍ വണ്ടിനിര്‍ത്തി തന്റെ വ്യാപാരം നടത്തി. ആദ്യമൊക്കെ ആള്‍ക്കാര്‍ മടിച്ചെങ്കിലും പതിയെ അവര്‍ വന്നടുത്തു. മൊയ്തീന്റെ ബോര്‍ഡ് കണ്ട് ആള്‍ക്കാര്‍ തമാശകള്‍ പറഞ്ഞു.
അങ്ങിനെ നേരം ഉച്ചയായി. മൊയ്തീന്‍ കണക്ക് നോക്കി. മതി. മകളുടെ ഫീസും കഴിച്ചിട്ട് ചെറിയൊരു തുക കിട്ടിയിട്ടുമുണ്ട്. മൊയ്തീന്‍ തിരികെ ഫാമിലേയ്ക്ക് വണ്ടിയോടിച്ചു. ഭാഗ്യം ഹര്‍ത്താലനുകൂലികളുടെ പ്രശ്നമൊന്നും ഉണ്ടായില്ല. താന്‍ വണ്ടിയെടുത്ത് പൊയപ്പോള്‍ ഉള്ളതുപോലെയല്ല; കവലയില്‍ ആളുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. കോരച്ചേട്ടന്റെ ചായക്കട തുറന്നെന്നാ തൊന്നുന്നെ. മൊയ്തീന്റെ ഫാമിനടുത്തുള്ള കടയാണ് കോരയുടേത്. മൊയ്തീന്‍ വിദൂരതയുടെ അവ്യക്തതയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു.
മൊയ്തീന്‍ തന്റെ ഫാമിനരികിലേയ്ക്ക് വണ്ടിയോടിക്കവെ മണല്‍ത്തരികളില്‍ നിന്നും ഇരുമ്പുതരികള്‍ കാന്തത്തിലേയ്ക്കു പറ്റുന്ന പോലെ കവലയില്‍ അങ്ങിങ്ങായി ചിതറി നിന്നവരെല്ലാം വണ്ടിക്കുചുറ്റും കൂടി. അപ്പോള്‍ മാത്രമാണ് അവരുടെ കൊടിയുടെ നിറം മൊയ്തീന് മനസ്സിലായത്. അതുവരെയും നിശ്ശബ്ദമായിരുന്ന നിരത്ത് പൊടുന്നനെ മുദ്രാവാക്യങ്ങളുടേയും, ആക്രോശങ്ങളുടേയും, തെറിവിളികളുടേയും അരോചക വേദിയായി മാറി. ആരൊക്കെയൊ മൊയ്തീന്റെ വാഹനം ഉലയ്ക്കുകയും അതില്‍ ശക്തമായി ഇടിക്കുകയും മറ്റും ചെയ്തു. വണ്ടി ഇപ്പോള്‍ മറിയും എന്ന് മയ്തീനു തോന്നി. എല്ലവരും താനറിയുന്ന കുട്ടികളാണ്. അവര്‍ രണ്ട് മുദ്രാവാക്യം വിളിച്ച് തിരികെ പോകും എന്നു കരുതിയ മൊയ്തീന് തെറ്റി. അവര്‍ അയാളെ വണ്ടിയില്‍ നിന്നും പിടിച്ചിറക്കി. മൊയ്തീന്‍ ഒരു മഞ്ഞച്ചിരിയുമായി പുറത്തിറങ്ങി. എല്ലാം പരിചിത മുഖങ്ങള്‍. അവര്‍ തന്റെ നേരെ കയ്യുയര്‍ത്തില്ല. തീര്‍ച്ച. അവരില്‍ ഒരുവന്റെ മുഖമടച്ചുള്ള ഒരു ഊക്കന്‍ ഇടി കിട്ടിയപ്പോഴേ മൊയ്തീന്റെ കണ്ണില്‍ നിന്നും പരിചിത മുഖങ്ങള്‍ മങ്ങിത്തുടങ്ങി.
“മക്കളേ ഒന്നും ചെയ്യരുതേ. ഇക്കയ്ക്കൊരു തെറ്റുപറ്റി. ഇത്തവണത്തേയ്ക്ക് നിങ്ങള്‍ മാപ്പാക്കണം.“
“ഇക്കയല്ല ചക്ക. ഇങ്ങോട്ടിറങ്ങ് കിളവാ....... ഞങ്ങള്‍ക്കറിയാമായിരുന്നു താനെന്തെങ്കിലുമൊക്കെ ഒപ്പിക്കുമെന്ന്.“ പ്രമുഖ നേതാവ് ബാബുക്കുട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“ഇല്ല മക്കളേ ഞമ്മക്കു പാര്‍ട്ടിയില്ല. ങ്ങളെലാരും ഞമ്മക്കു സ്വന്തം മക്കളുമാതിരി.“
“എല്ലരും അങ്ങിനെതന്നെയാടൊ പറയുന്നത്. തന്നെ ഞാന്‍..............“
പിന്നീട് വാക്കുകള്‍ ഒന്നും വന്നില്ല. ബാബുക്കുട്ടന്റെ കൈ ഒരിക്കല്‍കൂടി ഉയര്‍ന്നു താഴവെ അര്‍ദ്ധപ്രാണനായ ആ കിഴവന്‍ നിരത്തിലേയ്ക്ക് കുഴഞ്ഞുവീണു. ആരൊ എറിഞ്ഞ ഒരുകല്ലുകൊണ്ട് മൊയ്തീന്റെ വണ്ടിയുടെ ചില്ലു തകര്‍ന്നു. വണ്ടിയില്‍ കെട്ടിവച്ചിരുന്ന ബോര്‍ഡ് ആരൊ വലിച്ചിളക്കി നിലത്തിട്ട് ചവിട്ടി. അവര്‍ വണ്ടി റോഡില്‍ മറിച്ചിട്ടു. വണ്ടിയില്‍ ശേഷിച്ച കോഴികളേയെല്ലാം ബന്ദനുകൂലികള്‍ കത്തിയും വടിവാളും ഉപയോഗിച്ച് വെട്ടിക്കൊന്നു. മുറിവേറ്റകോഴികള്‍ പ്രാണാരക്ഷാര്‍ത്ഥം ചിറകടിച്ച് റോഡില്‍ തലതല്ലി ഒടുങ്ങി. മൊയ്തീന്‍ തീറ്റിവളര്‍ത്തിയ കോഴികള്‍ വീണുകിടക്കുന്ന അയാള്‍ക്കു ചുറ്റും തങ്ങളുടെ ചോരയില്‍ മുക്കിയ ചിറകുകളാല്‍ പൂക്കളം തീര്‍ത്തു. അക്രമികള്‍ ആക്രോശാരവങ്ങളോടെ രംഗമൊഴിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി. അവരില്‍ ചിലര്‍ ദാരുണമായ ആ രംഗങ്ങള്‍ സ്വന്തം മൊബൈലുകളില്‍ വിവിധ ആങ്കിളുകളില്‍ പകര്‍ത്തി നിര്‍വൃതി പൂണ്ടു. പാര്‍ട്ടിക്കാരെ ഭയന്ന് നിശ്ചലനായിക്കിടക്കുന്ന മൊയ്തീനെ ഉണര്‍ത്തുവാനൊ എഴുന്നേല്‍പ്പിക്കുവാനൊ കണ്ടുനിന്നവരാരും ആരും തുനിഞ്ഞില്ല. മുറിവേറ്റു മരിച്ച കോഴികളുടേയും മൊയ്തീന്റെയും ചോരയുടെ നിറം ഒന്നാണെന്ന് കൂടിനിന്നവര്‍ അറിഞ്ഞപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.
അടുത്ത ദിവസം പത്രം ഇങ്ങിനെ പറഞ്ഞു. ഹര്‍ത്താല്‍ പൂര്‍ണ്ണം. പലയിടങ്ങളിലും പരക്കെ ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. മറ്റുനിരവധിപ്പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍. മൊയ്തീന്റെ മരണത്തില്‍ മുഖ്യമന്ത്രി ഞെട്ടല്‍ രേഖപ്പെടുത്തി. പരേതന്റെ കുടുംബത്തിന് 50000രൂ. അടിയന്തിര ധനസഹായമായി നല്‍കും. മൊയ്തീന്റെ മകളുടെ പരീക്ഷാ ഫീസ് വിദ്യാഭ്യാസമന്ത്രി നേരിട്ടടയ്ക്കും. ഇനിയും ഇതുപോലെയുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിന് ആഭ്യന്തരമന്ത്രിയുടെ അതി ശക്തമായ താക്കീത്. വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന മള്‍ട്ടികളര്‍ ഫോട്ടൊയില്‍ തകര്‍ന്ന വാഹനവും, ചത്ത കോഴികളും പിന്നെ ചോരയില്‍ കുതിര്‍ന്ന ആ ബോര്‍ഡും
വയറ്റിപ്പിഴപ്പ്