2016, ജൂലൈ 26, ചൊവ്വാഴ്ച

പ്യൂപ്പ


വൈറ്റില  ഹബ്ബിലെ  10 മിനിറ്റു  ഹാൾട്   കഴിഞ്ഞു ബസ്സ് പുറപ്പെടാൻ  ഡബിൾ  ബെൽ  കൊടുത്തു. പുതിയ  യാത്രക്കാർക്ക്  ടിക്കറ്റ്  നല്കുന്നതിനിടെയാണ്  ഒരു  വലിയ  ബാഗ്  ബസ്സിന്റെ  പിന്നിൽ  ഇരിക്കുന്നത്  കണ്ടക്ടറുടെ  ശ്രദ്ധയിൽ  പെട്ടത്. സീറ്റിങ്  കപ്പാസിറ്റിയോളം  ആളുകൾ  ഇല്ലായിരുന്നു    ബസ്സിൽ. ലഗ്ഗേജ്   ചാർജ്  ഈടാക്കാൻ  തക്ക  വലിപ്പം  ഉണ്ട്  ബാഗിന്.
  ബാഗ്  ആരുടേതാണ്?” അയാൾ  ഉറക്കെ  ചോദിച്ചു. പ്രതികരണം  ഇല്ല. അയാൾ  ബസ്സിലുള്ള  ആൾക്കാരെ  മൊത്തത്തിൽ  ഒന്ന്  വീക്ഷിച്ചു. പൂരിഭാഗവും  ചെറുപ്പക്കാരായ  യാത്രക്കാരാണ്. എല്ലാവരും  അവരവരുടെ  ജോലികളിൽ  വ്യാപൃതരാണ്. ചിലർ  മൊബൈലിൽ  മെസ്സേജ്  ചെയ്യുന്നു, ചിലർ  സിനിമ  കാണുന്നു, ഇനി  ചിലർ  പാട്ടുകേൾക്കുന്നു, ഗെയിം  കളിക്കുന്നവരും  ഉണ്ട്. സഞ്ചരിക്കുന്ന  ബസ്സിൽ  ഇരുന്നു  പ്രകൃതിഭംഗി  ആസ്വദിക്കാൻ  താല്പര്യമുള്ള  ചിലർ    ജോലിയിലും  ഏർപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ  അവരുടെ  മൊബൈൽ  ബാറ്ററി തീർന്നതുകൊണ്ടും  ആവാം. പിന്നീടുള്ളത്      ഗണത്തിലൊന്നും   പെടാത്ത  അല്പം  മുതിർന്ന  പൗരന്മാരാണ്. പുറത്തെ  കാഴ്ചകൾ  കാണാനല്ലാതെ വേറെ നിവൃത്തി ഇല്ലാത്തവർ.
കണ്ടക്ടർ  ഒരിക്കൽ  കൂടി  ചോദ്യം  ആവർത്തിച്ചു . “  ബാഗിന്  ഉടമസ്ഥനില്ലേ?”
ഇനി  കഴിഞ്ഞ  സ്റ്റോപ്പിൽ  ഇറങ്ങിയ  ആരേലും  മറന്നു  വച്ചതാവുമോ? പല  ചിന്തകൾ  അയാളെ  കുഴക്കി. അയാൾ  ഓരോ  സീറ്റിനരികിലും  പോയി  ഓരോരുത്തരോടായി  ചോദിച്ചു. കണ്ണും  നട്ടിരുന്ന  തങ്ങളുടെ  ഫോണിൽ  നിന്നും  കണ്ണെടുത്തും  അല്ലാതെയും  അയാളുടെ  ചോദ്യങ്ങൾക്കു  ആളുകൾ  മറുപടി  നൽകി.   ബാഗിന്റെ  അവകാശികൾ  ആരും  തന്നെ    ബസ്സിൽ  ഇല്ല  എന്ന   വസ്തുത  അയാളെ  കൂടുതൽ  സംഭ്രമത്തിലാക്കി. ഫോണൊമാനിയ  ബാധിച്ചിട്ടില്ലാതെ  പ്രായമായ  യാത്രക്കാർ,-അവർക്കു  പ്രത്യേകിച്ച്  വേറൊന്നും  ചെയ്യാൻ  ഇല്ലാത്തതുകൊണ്ടും, വയസ്സ്  കൂടും  തോറും  അവരുടെ  സ്വഭാവത്തിൽ   ഉളവാകുന്ന ചില   പ്രത്യേകതരം  വ്യതിയാനങ്ങളുടെ  പരിണിത  ഫലമായും, അവർ    ബാഗിനെപ്പറ്റി  ആശങ്കപ്പെടാനും, തങ്ങൾക്കു  ഇതിനു  മുൻപുണ്ടായിട്ടുള്ള  സമാനമായ  അനുഭവങ്ങൾ  പറയുവാനും, പുതിയ  കഥകൾ  മെനയുവാനും  തുടങ്ങി. ബസ്സിലുള്ള  മധ്യവയസ്കരുടെ  കലപില  ശബ്ദം;  അത്  നമ്മുടെ  ഫോൺ  ഉണ്ണികളെ കുറച്ചൊന്നുമല്ല  അലോസരപ്പെടുത്തിയത്. ചിലർ    നീരസം  മുഖത്ത്  പ്രകടമാക്കുന്നും ഉണ്ടായിരുന്നു.
സാറേ  കഥകൾ  പലതും  കേൾക്കാണതല്ലേ? റിസ്ക്  എടുക്കാൻ  മേലാ. വണ്ടി  നേരെ  പോലീസ്  സ്റ്റേഷനിലേയ്ക്ക്  വീട്.” ഒരു  50 വയസ്സ്  പ്രായം  തോന്നിക്കുന്ന    മാന്യദേഹം  എഴുന്നേറ്റുനിന്നു  പറഞ്ഞു. തൽസ്ഥാനത്തു തിരികെ ഇരുന്നുകൊണ്ട്    അയാൾ  സഹയാത്രികരോടായി  പറഞ്ഞു  “വല്ല  കള്ളോ കഞ്ചാവോ  ബോംബോ  ആണോ എന്ന് ആർക്കറിയാം?”
കണ്ടക്ടർ  ആകെ  കുഴപ്പത്തിലായി. ഇനി  ഏകദേശം  3 മണിക്കൂർ  കൊണ്ട്  ഉച്ചയ്ക്ക്  മുന്നേ    ട്രിപ്പ്  അവസാനിച്ചേനെ. ഉച്ചകഴിഞ്ഞു  മോളേം  കൊണ്ട്  ആശുപത്രിയിൽ  പോകാം  എന്ന്  ഭാര്യയോട്  ഏറ്റിരുന്നതുമാണ്. പോലീസ്  സ്റ്റേഷനിൽ  പോയാൽ  ഇന്നത്തെ  കാര്യങ്ങളെല്ലാം  അവതാളത്തിലാവുമല്ലോ?! ഇത്  ഇവിടെ  ഉപേക്ഷിച്ചിട്ട്  പോയവനെ…..
അയാൾ  ഡ്രൈവറുമായി  സാഹചര്യത്തെപ്പറ്റി  ചർച്ച  നടത്തി. അപ്പോഴേക്കും  ബസ്സിലെ  കലപില  ശബ്ദം  ഉച്ചസ്ഥായിയിൽ  എത്തിയിരുന്നു.   ആരവങ്ങൾക്കിടയിലും  ഇതിലെങ്ങും  പെടാതെ  ഹെഡ്  ഫോണിൽ  പാട്ടു  കേൾക്കലും  സിനിമ  കാണലും  തുടരുന്ന  പൈതങ്ങളെ  കണ്ടക്ടർ  അത്ഭുതത്തോടെ  നോക്കി.
അങ്ങിനെ  ബസ്സ്  പോലീസ്  സ്റ്റേഷൻ  ലക്ഷ്യമാക്കി  യാത്ര  തുടങ്ങി. കണ്ടക്ടർ  ഉൾപ്പടെ  മിക്കവാറും      പിൻ  സീറ്റിൽ  നിന്ന്  പരമാവധി  ഒഴിഞ്ഞു മുന്നിലെ  സീറ്റുകളിൽ  സ്ഥാനം  പിടിച്ചു. പിന്നിലെ  റാക്കിൽ  നിന്നും  അവരുടെ  ബാഗുകൾ  മുന്നിലേയ്ക്ക്  മാറ്റിവയ്ക്കാനും  അവർ  മറന്നില്ല . എന്നാൽ  ചിലർ  ധൈര്യശാലികൾ…. അവർ  ഇതിനൊന്നും  മുതിരാതെ  തൽസ്ഥാനങ്ങളിൽ  തന്നെ  യാത്ര  തുടർന്നു.
ബസ്സ്  പോലീസ്  സ്റ്റേഷനിൽ  ഏറെക്കുറെ  തിരക്കില്ലാത്ത  ഭാഗത്തു  കൊണ്ട്  നിർത്താൻ  ഡ്രൈവർ  പ്രത്യേകം  ശ്രദ്ധിച്ചു. പിന്നെ  ബസ്സിൽനിന്നും ആൾക്കാരുടെ  ഒരു  മലവെള്ളപ്പാച്ചിൽ  ആരുന്നു . മുൻപ്  ധൈര്യം  സംഭരിച്ചു  പിന്നിൽ  ഇരുന്നവരുടെ  പ്രകടനമായിരുന്നു  ശ്രദ്ധേയമായത്. കണ്ടക്ടർ  ഓഫീസിൽ  കേറി  കാര്യം  പറഞ്ഞു.  SI യും  പരിവാരങ്ങളും  ബസ്സിനടുത്തു  പോയി  ഒരു  പ്രാഥമിക  പരിശോധന   നടത്തി. ധൈര്യശാലിയായ  SI ബസ്സിന്റെ  പിൻവാതിലിൽ  കൂടി  കഴുത്തു  എത്തിച്ചു  ബാഗിനെ  ഒരുതവണ  ഭീതിദർശനം  നടത്തി. എന്നിട്ടു   കൂട്ടത്തിൽ  ഒരു  പോലീസ്  കാരനെ  അടുത്ത്  വിളിച്ചു. SI യ്ക്കു  ഏറ്റവും  കലിപ്പുള്ള തന്റെ  കീഴുദ്യോഗസ്ഥൻ  ആയിരിക്കും  അയാൾ  എന്ന്  ഇത്തരുണത്തിൽ  നമുക്ക്  മനസ്സിലാക്കാo.
സദാനന്ദ,   ബാഗ്  ഒന്ന്  ചെറുതായി  പരിശോധിക്കൂ. ഒന്ന്  മണത്തു  നോക്ക്. സിബ്ബിലോന്നും  തൊടുക  കൂടി  ചെയ്യരുത്. ചിലപ്പോ  ബോംബ്  ആക്റ്റീവ്  ആകുന്ന  കണക്ഷൻ  സിബ്ബിലാവും  കൊടുത്തിട്ടുണ്ടാവുക. ബാഗ്  ഒന്ന്  ഞെക്കി  നോക്കിക്കോ. പക്ഷെ  അധികം  അമർത്തരുത്. നമ്മളീ  പഴുത്ത  മാങ്ങയൊക്കെ  ഞെക്കി  നോക്കില്ല? അതുപോലെ. പിന്നെ  പഴുത്ത  മാങ്ങ  ഞെക്കുന്ന  കാര്യമൊന്നും  ഹി…ഹീ….ഹിസദാനന്ദനോട്  ഞാൻ  പറഞ്ഞു  തരേണ്ട  കാര്യമില്ലല്ലോ?” ഭീതിദായകമായ    നിമിഷങ്ങളിലും  SI യുടെ  വളിച്ച  കോമഡി  അവിടെ  കൂടിനിന്നവർ  അയാളുടെ  പിതാവിനെ  മനസ്സിൽ  സ്മരിച്ചുകൊണ്ട്  ആസ്വദിച്ചു.
അപ്പൊ  ബോംബ്  തന്നെ  ആണോ  സാറേ?”  ഉദ്വേഗ  ഭരിതനായി  കണ്ടക്ടർ  ചോദിച്ചു.
ആവണമെന്നില്ല. എങ്കിലും  നമ്മൾ  മുൻകരുതൽ  എടുക്കുമ്പോ  അങ്ങേയറ്റം  വരെ  ചിന്തിക്കണo. ... താൻ  ഓഫീസിലേയ്ക്ക്  വാ. ചില  സ്റ്റേറ്റ്മെന്റ്സ്  എഴുതി  ഒപ്പിടാനുണ്ട്.”
ഞെക്കലും  തപ്പലുമൊക്കെ  കഴിഞ്ഞു  SI യും  പരിവാരങ്ങളും  കോണ്ടുക്ടറുമായി  സ്റ്റേഷനുള്ളിലേയ്ക്ക്  പോയി. പാണ്ടിലോറി  വരുമ്പോൾ  തെളിച്ചുകൊണ്ടുവന്ന  താറാക്കൂട്ടങ്ങളെ  റോഡരികിലേയ്ക്ക്  പരമാവധി  ഒതുക്കി  നിർത്തിയിരിക്കണപോലെ  ബസ്സ്  യാത്രക്കാർ  സ്റ്റേഷൻ  കോമ്പൗണ്ടിൽ  ഒരു  പ്രത്യേക  സ്ഥലത്തു  പേടിച് ഒതുങ്ങി  നിന്ന്.   സമയം  ബസ്സിൽ  നിന്നും  പരമാവധി  അകലം  പാലിക്കുവാനും  അവർ പ്രത്യേകം  ശ്രദ്ധിച്ചുഎങ്കിലും  അതിൽ  ചില  പൈതങ്ങൾ  ഫോൺ  വിളിയും  പാട്ടുകേൾക്കലും ചാറ്റിങ്ങുമൊക്കെയായി  അവരുടേതായ  ലോകത്തു  പാറിക്കളിച്ചു .
ഏകദേശം  ഒരുമണിക്കൂർ  ആയിക്കാണും  പോലീസ്  നായ  വന്നു. മണം  പിടിച്ചു . നായയുടെ  ട്രെയ്നർ തന്നെ  ബാഗ്  വെളിയിൽ  കൊണ്ടുവന്നു. “ബോംബ്  ഒന്നുമല്ല  സർ. പിന്നെ  ഇതിലെന്താണെന്നു  തുറന്നു  പരിശോധിക്കേണ്ടിവരും
SI കോണ്ടുക്ടറോടായി  “അപ്പൊ  നിങ്ങള്  പൊയ്ക്കോ. യാത്ര  വൈകിക്കേണ്ടാ. എന്തേലും  ആവശ്യമുണ്ടേൽ  വിളിക്കാം .”
അപ്പൊ  ബാഗ്  തുറന്നു  പരിശോധിക്കുന്നില്ലേ  സാറേ?” ഒരു  പണീം  ഇല്ലാത്ത  ഒരു  വയസ്സൻ  യാത്രക്കാരൻ  SI യോട്  ചോദിച്ചു .
എന്താടോ  തന്റെ  കിഴിക്കെട്ട് അതിലിരിക്കുന്നോ? ഉം  വേഗം  സ്ഥലം  വിടാൻ  നോക്ക്. ഉം  ചെല്ല് ചെല്ല്.”
അമ്മാവാ  അതിനുള്ളിൽ  എന്തേലും  ബോണസ്  ഉണ്ടേൽ  അവന്മാർക്ക്  വിഴുങ്ങാൻ  പറ്റില്ലഅതാ  ഇവിടെവച്ചു  തുറക്കാഞ്ഞത്.” SI യും  പരിവാരങ്ങളും    ശബ്ദപരിസരത്തെങ്ങും  ഇല്ല  എന്ന്  ഉറപ്പുവരുത്തി  കണ്ടക്ടർ  സ്വരം  താഴ്ത്തി  പറഞ്ഞു.
ഓക്കേ  പോകാംകണ്ടക്ടർ  ഡബിൾ  ബെൽ  കൊടുത്തു.
പോകല്ലേ  സാറേ. ഒരുത്തൻ  കേറീട്ടില്ല.” ശരിയാണ്  ഒരുത്തൻ  ഫോണും  ചെയ്തു  കിന്നരിച്ചു  വേലിയരികിലെ കുപ്പയിലയെല്ലാം  നുള്ളി  തിന്നുന്നുണ്ട്.
ഡോ! തൻ  വരുന്നുണ്ടോ? ഞങ്ങൾ  പോകയാണ്.” നീങ്ങിത്തുടങ്ങിയ  വണ്ടിയിൽ  അയാൾ  ഓടിക്കയറി  തന്റെ  സീറ്റിൽ  ഇരിപ്പുറപ്പിച്ചു.
ദീർഘ  യാത്ര  കഴിഞ്ഞു  മൂത്രമൊഴിച്ച  പ്രതീതിയായിരുന്നു  ബസ്സിലുള്ളവർക്കെല്ലാം. നഷ്ടമായ  ഒന്നുരണ്ടു  മണിക്കൂർ  തിരിച്ചു  പിടിക്കാൻ  ഡ്രൈവർ  പെടാപ്പാടു  പെടുമ്പോൾ  ജീവൻ  തിരിച്ചുകിട്ടിയ  ആശ്വാസത്തിലായിരുന്നു  യാത്രക്കാർ. അങ്ങിനെ  പിന്നെയും  രണ്ടു  മണിക്കൂർ  യാത്ര  കഴിഞ്ഞു .
പുന്നപ്രപുന്നപ്രആളിറങ്ങാനുണ്ടോ?” കണ്ടക്ടർ  വിളിച്ചു  ചോദിച്ചു .
ആരും  ഇറങ്ങാനും  ഇല്ല, കേറാനുമില്ല. വിട്ടു  പോ  സാറേ.” കണ്ടക്ടറുടെ  അടുത്ത്  തന്നെ  സീറ്റു  പിടിച്ച  നമ്മുടെ    പഴയ  അമ്മാവൻ  ബസ്സ്  ആകെ  ഒന്ന്  പരതിയിട്ടു പറഞ്ഞു. അങ്ങിനെ  ബസ്സ്റ്റോപ്പ്  കഴിഞ്ഞു  കുറച്ചുകൂടി  മുന്നോട്ടു  പോയി.
അയ്യോ! വണ്ടി  നിർത്തണെ. ആളിറങ്ങാനുണ്ട്. പുന്നപ്ര  ആളിറങ്ങാനുണ്ട്.” ബസ്സിന്റെ  ഏകദേശം  മുൻ  സീറ്റിൽ  നിന്ന്  ഒരുവൻ  വേഗം  പിന്നിലേയ്ക്ക്  വന്നു.
എത്ര  നേരമായി  വിളിച്ചു  ചോദിക്കുന്നെടോ? തനിക്കു  ചെവി  കേട്ടുകൂടെ?”
ഞാൻ    ഫോൺകാൾ  വന്നു…”
ഉം  ശരിശരി  വേഗം  ഇറങ്ങു. ഇപ്പൊ  തന്നെ  വണ്ടി  ലേറ്റാ.”
അയ്യോ! എന്റെ  ബാഗ്! എന്റെ  ബാഗ്  കാണുന്നില്ല!” ബസ്സിന്‌  പിറകുവശത്തും  സീറ്റിനടിയിലും  ആകെ  പറത്തിക്കൊണ്ട്  പൈതലാൻ വേവലാതിപ്പെടാൻ  തുടങ്ങിഅയാളുടെ  മൊബൈൽ  റിങ്  ചെയ്യുന്നുണ്ടായിരുന്നു. “കണ്ടക്ടർ  എന്റെ  ബാഗ്  മോഷണം  പോയി. ഹമ്മേ! എന്റെ ലാപ്ടോപ്പ്, പ്രോജെക്ട്.... ഞാൻ  ഇവിടെ  വച്ചതാരുന്നു.” അപ്പോഴും  അയാളുടെ  മൊബൈൽ  റിങ്  ചെയ്യുന്നുണ്ടാരുന്നു. അയാൾ  ദേഷ്യത്തോടെ  കാൾ  അറ്റൻഡ്  ചെയ്തിട്ട്  “വച്ചിട്ട്  പോടീ  പുല്ലേ
 വിപ്ലവത്തിന്റെയും  പോരാട്ടങ്ങളുടെയും  നാടാണ്  പുന്നപ്ര. ബസ്സിലിരിക്കുന്നവരുടെ  ഭാവം  കണ്ടാൽ  ഉടൻ  തന്നെ  ഇവിടെ  ഒരു  നിരായുധ  സമരം  നടക്കും  എന്ന  പ്രതീതി  ഉളവായി. യാത്രക്കാരെല്ലാം  കോപത്തോടെ    ചെറുപ്പക്കാരനിലേയ്ക്ക്  പാഞ്ഞടുത്തു. ഇതിയാൻ തന്നെയാണ്  സ്റ്റേഷനിൽ  നിന്ന്  പുല്ലു  തിന്നതും .
ദേഹത്ത്  കൈവയ്ക്കും  മുന്നേ  പ്രബുദ്ധരായ  ജനം  അയാളുടെ  ബാഗിന്റെ  നിറം, സൈസ്, വച്ചിരുന്ന  സ്ഥലം  എല്ലാം  വ്യക്തമായി  അവനോടു  ചോദിച്ചു  മനസ്സിലാക്കി. അവരുടെ  ചോദ്യങ്ങൾക്കു  അവൻ  പ്രത്യാശയോടെ  പറഞ്ഞ  'അതെ , ആണ് , ഉവ്വ്' തുടങ്ങിയ  ഉത്തരങ്ങൾ  അവനെ  കൂടുതൽ  അപകടത്തിലേക്കാണ്  നയിക്കുന്നത്  എന്നവൻ  അറിഞ്ഞില്ല.
 “എടാ  പുന്നാര  മോനെ -അങ്ങിനെയല്ല വിളിച്ചത്  - ഞങ്ങടെയൊക്കെ  സമയോം  സമാധാനോം  കളഞ്ഞിട്ടു  നീ  ഫോണിൽ  പാട്ടുകേൾക്കും  ഇല്ലെടാ? നിന്റെ  മറ്റവളെ  വിളിക്കും  അല്ലേടാ  നാറി…. നീ  കാരണം  ഇവിടെ  എന്തെല്ലാം  നടന്നെന്നു  അറിഞ്ഞോ  നീ?” പിന്നെയും  എന്തൊക്കെയോ  ചോദ്യങ്ങളും  പറച്ചിലും  ഒക്കെ  ഉണ്ടായി. എന്നാൽ  അവയെല്ലാം  ടമാർ  പടാർ  എന്നിത്യാദി  ഇടി ശബ്ദങ്ങളിൽ  മുങ്ങിപ്പോയി. അപ്പോഴും  അയാളുടെ  ഫോൺ  റിങ്  ചെയ്യുന്നുണ്ടായിരുന്നെങ്കിലും കൊള്ളുന്ന ഇടി എന്തിനാണെന്ന് മാത്രം അയാൾക്ക് അപ്പോഴും മനസ്സിലായിരുന്നില്ല. പിന്നെ  അഞ്ചരയ്ക്കുള്ള  വണ്ടിയിൽ  നിന്നും  പത്രക്കെട്ടു  പുറത്തേക്കെറിയും  പോലെ    ചെറുപ്പക്കാരൻ  പിൻവാതിലിലൂടെ  ബസ്സിന്‌  പുറത്തേക്കു  നിപതിച്ചു. ഹസ്ത-പാദ താഡനങ്ങളിൽ  അവശനായെങ്കിലും  അവൻ  കണ്ടക്ടറോട്‌  ചോദിച്ചു  “ചേട്ടാ  ഇവിടുന്നു  തിരിച്ചു  അരൂർക്കു  എപ്പോഴാ  ബസ്സ്  ഉള്ളത്?”
നീ  ഗൂഗിളിൽ  സർച്ച്  ചെയ്തു  നോക്കെടാ  തെണ്ടീഅപ്പോഴും  കലിപ്പ്  തീരാത്ത  ഒരണ്ണൻ ബസ്സിൽനിന്നും തല പുറത്തേക്കിട്ടു   വിളിച്ചുപറഞ്ഞു.

അല്ല? ഇപ്പൊ  നീ  പോയാൽ  അവിടുന്നുള്ള  പങ്കുകൂടി  വാങ്ങേണ്ടിവരുമല്ലോ  മോനെ? കർക്കിടകമാ  വരുന്നത്. നീ  ഏതേലും  വൈദ്യശാലയിൽ  ഒരു  ഉഴിച്ചില്  ബുക്ക്  ചെയ്തിട്ട്  പോ. അത്  ഗൂഗിളിൽ  കിട്ടും  കേട്ടോ. ഹി...ഹി...ഹീ...ഹീ..” വയസ്സൻ  കുലുങ്ങി  ചിരിച്ചു. ബസ്സ്  വീണ്ടും  മുന്നോട്ടു  നീങ്ങി. അപ്പോഴും  അയാളുടെ  മൊബൈൽ  റിങ്  ചെയ്യുന്നുണ്ടായിരുന്നു.