നഷ്ടമായ് മധുരിക്കും കാലമെൻ ചെറുബാല്യം
ശിഷ്ടമല്ലൊന്നുമീ ഓർമ്മകളല്ലാതെ
കഷ്ടമേ! പോയിമറഞ്ഞുനീയെങ്കിലും
ഇഷ്ടമെനിക്കെന്നുമെന്റെയാ നൽക്കാലം
പിച്ചനടന്നൊരെൻ കൈകൾ കവർന്നിടാൻ
കൊച്ചുവാശിക്കെന്റെ കൂടെക്കളിച്ചിടാൻ
ഇച്ഛനശിച്ചുഞാൻ ഏങ്ങിക്കരയുമ്പോൾ
സ്വശ്ചമായ് മാറോടടുക്കിയെൻ നല്ലമ്മ.
വിളിക്കുമ്പോളെല്ലാമെൻ തോളോട് ചേർന്നിടും
പോളിയില്ലാ സ്നേഹമായ് എൻ കളിക്കൂട്ടുകാർ
'അളിയാ' ന്നുചൊല്ലി വിളിച്ചെന്റെമനസ്സിന്റെ
തളികയിലെന്നുമേ കളിച്ചൊല്ലി നിൽക്കുന്നു
കറ്റയൊഴിഞ്ഞൊരാപ്പാടത്തിൻമാറിലൂ-
ടറ്റമില്ലാതങ്ങു നീണ്ടവരമ്പിലും
കൊറ്റിയും താറാവും തീറ്റതേടുന്നൊരാ
ചേറ്റിലുമെത്രനാൾ ആടിത്തിമിർത്തു നാം
ചൂണ്ടലിൽ കോർത്തോരിരയുടെ താളത്തിൽ
വെള്ളത്തിൽ മീങ്കണ്ണു വെട്ടിമറിയവേ
ഒറ്റവലിക്കയാ കിട്ടിപ്പോയ്! മുറ്റിയോര-
ചേറ്റിൽ പുളയുന്ന മാനത്തുകണ്ണനെ
കുലതല്ലിനിക്കൽക്കുന്ന മാവിന്റെകൊമ്പത്തെ
മധുരക്കനികളെൻ പ്രണയോപഹാരമായ്
മധുവോലും ചുണ്ടിലെ ചെറുചിരികാണുവാൻ
ഏകിഞാനെത്രയെന് പ്രിയനീ മറന്നുവോ?
റോട്ടിലെ ചെളിവെള്ളം തട്ടിത്തെറുപ്പിച്
കുപ്പായമൊക്കെയും ചെളിയിൽ കുതിരവേ
വീട്ടിലെ ചൂരലിൻ ചൂടുനുകർന്നെൻറെ
കായത്തിൻ കായമന്നേറെയറിഞ്ഞു ഞാൻ
'കുഞ്ഞുങ്ങൾ വീടുവച്ചാലന്ന് മഴപെയ്യും'
മുത്തശ്ശിപ്പഴമൊഴി പാഴായിടേണമേ
മെനക്കെട്ടു മൊഞ്ചം മെനഞ്ഞൊരാ മന്ദിരം
മാരിയും കാറ്റും മറിച്ചിടാതീടണം
ഓണമായ് പൂപ്പൊലിപ്പാട്ടും കുരവയും
മങ്കമാർ കെങ്കേമമാടുന്ന കുമ്മിയും
പുത്തനുടുപ്പുമാ സദ്യവട്ടം പിന്നെ
പായിപ്പാട്ടാറ്റിലെ വള്ളംകളി മേളം
കുടമാറ്റം പൊടിപൂരമുത്സവ മാമാങ്കം
കടയിലെ മൊരിയുന്ന വടയെന്നുമാവേശം
പിടിവാശികൂടിഞാൻ വിങ്ങിക്കരയവേ
ചൂടോടെയെന്നാശയാറ്റിടുമെന്നച്ഛൻ
ടൈയ്യും കൊട്ടുംകെട്ടി സ്‌കൂൾവാനിൽ പോയിടും
ഇന്നിന്റെ പൈതങ്ങൾക്കുണ്ടിവിടൊരുബാല്യം
എങ്കിലും കറയറ്റ സ്നേഹം വിളമ്പില്ല
അന്നിന്റെ പൈതങ്ങൾക്കുള്ളപോലീബാല്യം
*കേരളോത്സവം സംസ്ഥാനതല മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച കവിത