സായഹ്ന താരകങ്ങളുടെ സൌന്ദര്യമാസ്വദിച്ച് കായല്‍ക്കരയിലെ സിമന്റ് ബഞ്ചില്‍ ഇരിക്കുമ്പോളാണ് വിജനമായ കായല്‍ക്കരയിലൂടെ പാരിജാതം ഓടിവരുന്നതു കണ്ടത്. അരികിലെതിയപ്പോളാണ് അവളുടെ മുഖത്തെ പരിഭ്രമം വെളിവായത്. അതിന്റെ കാരണവും പിറകെ വരുന്നുണ്ടായിരുന്നു. ഒരപരിചിതന്‍ അവളെ ഓടിക്കുകയാണ്. സിമന്റ് ബഞ്ചിന്റെ കാല്‍ക്കല്‍ തലയറഞ്ഞുവീണ് അവള്‍ കേണു.
“എന്നെ രക്ഷിക്കണേ”
മാനഭയത്താല്‍ ഒഴുകുന്ന ഭീതിയുടെ കണ്ണുനീര്‍ അവള്‍ തുടയ്ക്കാന്‍ ശ്രമിച്ചു.
“ഞാന്‍ നിന്നെ രക്ഷിക്കാം. പക്ഷെ, നിന്നെ ഉപദ്രവിക്കാന്‍ വരുന്നവന്‍ ഒരു ഗുണ്ടയോ, പോലീസുകാരനൊ, പണക്കാരനോ, രാഷ്ട്രീയക്കാരനോ ആണെങ്കില്‍ എന്റെ ഗതി എന്താവും?”
“അല്ല. അയാള്‍ അങ്ങിനെ ഒരാളല്ല. തെമ്മാടിയാണ്. തനി തെമ്മാടി. എന്നെ രക്ഷിക്കൂ.”
“പിന്നീട് ഇതു കേസായാല്‍ നീ കൂറുമാറിയാലൊ?’
“ഇല്ല. ഒരിക്കലുമില്ല. ദയവുചെയ്ത് എന്നെ കൈവിടല്ലേ”
ശ്രവണന്‍ നോക്കിയിരിക്കെ ആ അപരിചിതന്‍ അവളെ പിടിച്ചുവലിച്ച് അടുത്തുള്ള പൊന്തക്കാട്ടില്‍ മറഞ്ഞു. അപ്പോഴും സിമന്റ് ബഞ്ചിന്റെ കുളിര്‍മ്മയില്‍നിന്നും ഒന്നനങ്ങുവാന്‍ പോലും ശ്രവണന്‍ കൂട്ടാക്കിയില്ല.
നേരം ഇഴഞ്ഞു. അപരിചിതന്‍ പൊന്തക്കാട്ടില്‍ നിന്നും പ്രത്യക്ഷനായി. അയാള്‍ തന്റെ ചുമലില്‍ കിടന്ന അവളുടെ വിറങ്ങലിച്ച ശരീരം ശ്രവണന്റെ മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു. അപരിചിതന്‍ അപരിചിതനായിത്തന്നെ ഇരുളില്‍ മറഞ്ഞു.
സിമന്റ് ബഞ്ചില്‍ അല്പം ഇളകിയിരുന്ന് അയാള്‍ പറഞ്ഞു.
“കുട്ടീ, നിനക്ക് ജീവനുണ്ടോ എന്നെനിക്കറിയില്ല. നിന്നെ ഞാന്‍ എങ്ങിനെ രക്ഷിക്കും? ഇതുപോലൊരു രക്ഷപെടുത്തലിന്റെ അടയാളമാണീ വൈകല്യം.”
ശ്രവണന്‍ തന്റെ നിര്‍ജീവമായ കൈകാലുകളിലേയ്ക്കുനോക്കി നെടുവീര്‍പ്പിട്ടു.
“അവള്‍ എന്റെ എല്ലാമെല്ലാമായിരുന്നു. എന്റെ കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. എല്ല്ലാം തകര്‍ത്തില്ലേ?”
അവളെ ഒരുവനില്‍ നിന്നും രക്ഷിച്ചതും, ധീരനായ ഒരു ഭര്‍ത്താവിന്റെ കടമ നിര്‍വഹിച്ചതില്‍ താന്‍ ഊറ്റം കൊള്ളുന്നതും, അടുത്തദിവസം കുറെ ഗുണ്ടകള്‍ തന്റെ കയ്യും കാലും തകര്‍ക്കുന്നതും, ആ കേസ് കോടതിയില്‍ എത്തിയപ്പോള്‍ സ്വന്തം ഭാര്യ തന്നെ കൂറുമാറി ആ തെമ്മാടിയോടൊപ്പം ഒളിച്ചോടിയതും എല്ലാം ആ നിശപടരുന്ന യാമത്തിലെ അയാളുടെ അകക്കണ്ണാകുന്ന വെള്ളിത്തിരയില്‍ മിന്നിമറഞ്ഞു.
പാരിജാതത്തിന്റെ ചേതനയറ്റ അങ്കലാവണ്യം ശ്രവണനെ മത്തുപിടിപ്പിച്ചപ്പോള്‍ ഒരിക്കല്‍കൂടി അയാള്‍ തന്റെ വൈകല്യത്തെ ശപിച്ചു.
അടുത്ത ദിവസം പത്രങ്ങള്‍ അയാളോടു പറഞ്ഞു.............. “ഭര്‍തൃ പീഠനത്താല്‍ യുവതിയുടെ മരണം. പ്രതി പോലീസിനു കീഴടങ്ങി.”