ഒരുകയ്യില്‍ മാംസം പൊതിഞ്ഞ കവറും, മറുകയ്യില്‍ രാമുവിനേയും പിടിച്ചുകൊണ്ട് വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ ഭാര്യ സുലോചന ടിപ്പുവിനെ കുളിപ്പിച്ച്, ഡ്രയ൪ കൊണ്ട് അവന്റെ രോമങ്ങള്‍ തുവര്‍ത്തുകയായിരുന്നു. കൂടെ വന്ന പുതുമുഖത്തെ അവള്‍ സാകൂതം വീക്ഷിച്ചു.
“രാമശ്ശാരെവിടെ?“
അവള്‍ ആരാഞ്ഞു. രാമശ്ശാര്‍ ഞങ്ങളുടെ കവലയില്‍ പിച്ച തെണ്ടി ജീവിതം കഴിക്കുന്ന ആളായിരുന്നു. ടിപ്പുവിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാവര്‍ഷവും രണ്ടുനേരത്തെ ആഹാരം അയാള്‍ക്ക് പതിവുള്ളതാണ്. എന്നല്‍ ഇന്നു രാവിലെ കവലയില്‍ അയാളെ കാണാന്‍ കഴിഞ്ഞില്ല. അങ്ങിനെ നിരാശനായി മടങ്ങുമ്പോഴാണ് റെയില്‍ വേ സ്റ്റേഷനുമുന്നില്‍ നില്‍ക്കുന്ന രാമുവിനെ കണ്ടത്. മുഷിഞ്ഞ വേഷവും ചെമ്പന്‍ മുടിയുമായ് കരഞ്ഞു കുഴഞ്ഞ അക്ഷികളും വിശന്നു കുഴിഞ്ഞ കുക്ഷിയുമായ് ഒരു പതിനാലുകാരന്‍. കാര്യങ്ങള്‍ തിരക്കുവാന്‍ പക്ഷെ അവന്‍ പറയുന്ന ഭാഷ തനിക്കു പരിചിതമല്ലായിരുന്നു. എങ്ങിനെയൊക്കെയൊ പേരു മാത്രം മനസ്സിലായി.
രാമു സിറ്റ് ഔട്ടിന്റെ മൂലയില്‍ ഒതുങ്ങിയിരുന്നു. സുലു ടിപ്പുവിനെ ഒരുക്കുന്ന തിരക്കിലാണ്. അവള്‍ അവന്റെ കഴുത്തില്‍ ഒരു ചുവന്ന റിബണ്‍ കെട്ടി. പൊട്ടുതൊടുവിച്ചു. ഭംഗിയായ് കഴുകി അലങ്കരിച്ച കൂട്ടിലേയ്ക്ക് അവനെ ആനയിച്ചു. അവനു മുത്തങ്ങള്‍ നല്‍കി. മക്കളില്ലാത്ത ഞങ്ങളുടെ ഓമനയാണ് ടിപ്പു. ശ്വാനവര്‍ഗ്ഗത്തില്‍ തന്നെ മുന്തിയ ഇനം. അതിലും മികച്ച ഒന്ന് ഈ കോളനിയില്‍ വേറെ ഇല്ല. അധവാ വന്നാലും സുലു അതിനെ അധികകാലം വാഴിക്കില്ല. അവള്‍ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് അവയെ തുരത്തുകയൊ, ഇല്ലാതാക്കുകയൊ ചെയ്യും. തൊട്ടുകിഴക്കതിലെ കുറുപ്പു സാറിന്റെ പട്ടിയെ അവള്‍ ചെടിക്കു തളിക്കുന്ന കീടനാശിനി കലര്‍ത്തിയ ഭക്ഷണം കൊടുത്തു കൊന്നത് വീടിനു മുകളില്‍ നിന്നു ഞാനും, അതിനും മുകളില്‍ നിന്ന് എല്ലാം കാണുന്നവനും മാത്രമേ കണ്ടുള്ളു. ഇങ്ങിനെയൊക്കെ കുടിലതകള്‍ ഉള്ളതിനാലാവും വിവാഹം കഴിഞ്ഞ് 12 വര്‍ഷം ആയിട്ടും ഞങ്ങളെ ഒരു കുഞ്ഞിക്കാലു കാണിക്കാതെ ദൈവം ക്രൂരത കാട്ടിയത്. ഭര്‍ത്താവിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന അവളെ ഇത്തരം കാര്യങ്ങളില്‍ ശാസിക്കുന്നതില്‍ നിന്നും താന്‍ പലപ്പോഴും വിട്ടുനിന്നു. തന്റെ ബലഹീനതകള്‍ അവളും ഉള്‍ ക്കൊള്ളുന്നുണ്ടെല്ലൊ?
പ്രഭാത ഭക്ഷണം രാമു ആര്‍ത്തിയോടെ കഴിച്ചു. സുലുവിന്റെ ഇടയ്ക്കിടയ്ക്കുള്ള ശ്വാന പരിപാലനം അവന്‍ വീക്ഷിക്കുന്നുണ്ട്. ഇടയ്ക്കു പോകുവാന്‍ തുനിഞ്ഞ അവനെ ഉച്ചഭക്ഷണം കൂടി കഴിച്ചിട്ടു പോകാം എന്നു ഞാന്‍ എങ്ങിനെയൊക്കെയൊ പറഞ്ഞു മനസ്സിലാക്കി. ഇടയ്ക്ക് അടുക്കളയിലെ തിരക്കില്‍ നിന്നും സുലു പുറത്തേയ്ക്കു വന്നു പറഞ്ഞു.
“വിജയേട്ട നമുക്കിവനെ ഒന്നു കുളിപ്പിച്ചു വൃത്തിയാക്കി ഒരു പുതിയ ഉടുപ്പും പാന്റും വാങ്ങി നല്‍കിയാലൊ?“
ആശയം നന്നെന്ന് എനിക്കും തോന്നി. തോര്‍ത്തും സോപ്പും നല്‍കി അവനെ ബാത്ത് റൂമിലേയ്ക്കയയ്ക്കുമ്പോള്‍ ഞങ്ങള്‍ തുണിവാങ്ങാന്‍ പൊകുവാനായി തയ്യാറെടുക്കുകയായിരുന്നു. കുളികഴിഞ്ഞു വന്ന രാമുവിനെ തോര്‍ത്തുമുണ്ടുടുപ്പിച്ച് സിറ്റ് ഔട്ടില്‍ ഇരുത്തി. എങ്കിലും അവന്റെ പഴയ വസ്ത്രങ്ങള്‍ കളയുവാന്‍ അവന്‍ കൂട്ടാക്കിയില്ല. അത് അവന്‍ അരികത്തുതന്നെ അടുക്കി പിടിച്ചിരുന്നു. ഇവിടെ ഇരിക്കണം ഞങ്ങള്‍ പോയ് വരാം എന്നു പറഞ്ഞതും ഭാഗ്യംകൊണ്ട് അവനു മനസ്സിലായി. രാവിലെ വയറുനിറച്ച് ആഹാരം കിട്ടിയതിനാല്‍ തന്നെ അവനു ഞങ്ങളോട് വിശ്വാസവും സ്നേഹവും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു എന്നു ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ രണ്ടാളും വീടു പൂട്ടി പുറത്തിറങ്ങുന്നതിനു മുന്‍പുതന്നെ പുതുതായ് പാകംചെയ്ത ഇറച്ചിക്കറി ടിപ്പുവിനു കൊടുക്കാന്‍ സുലു മറന്നില്ല.
“അല്ല സുലു; ഈ പട്ടിപ്പിറന്നാള്‍ എത്രനാള്‍ തുടരാനാണു നിന്റെ പ്ലാന്‍? ശ്വാനന്മാര്‍ അധികം ആയുസ്സുള്ള കൂട്ടരല്ല എന്ന കാര്യം ഓര്‍ക്കണം. ഇപ്പോള്‍ തന്നെ അവന്റെ ഒന്‍പതാം പിറന്നാളാണു നാം കൊണ്ടാടുന്നത്.“
യാത്രാ മധ്യെ ഞാന്‍ സുലുവിനോടായ് പറഞ്ഞു.
“ഉം.”
ഒരു ദീര്‍ഘനിസ്വാസത്തിന്റെ അകമ്പടിയോടെ സുലു തുടര്‍ന്നു.
“അറിയാം വിജയേട്ടാ. നമ്മുടെ വലിയ ദുഃഖങ്ങളില്‍ അല്പമെങ്കിലും ആശ്വാസം കിട്ടുന്നത് അവനെ താലോലിക്കുമ്പോളാണ്.”
“സുലു ഞാന്‍ പറയുന്നത്...... നമുക്ക്..... നമുക്കാരാമുവിനെ കൂടെ നിര്‍ത്തിയാലൊ? നമുക്കൊരു കൂട്ടായിട്ട്?“
“അതൊക്കെ വലിയ പ്രശ്നങ്ങള്‍ ആകില്ലെ? അവന് ഒരുഅവകാശിയില്ലെന്ന് ആരുകണ്ടു? ഭാഷയേത് ദേശമീതെന്നറിയാതെ..... പുറത്താരെങ്കിലും അറിഞ്ഞാലൊ?“
“ഹും. പുറത്താരറിയാന്‍? സ്വന്തം അയല്‍കാരെ പോലും പരസ്പരം അറിയാതെ നാലു മതില്‍ കെട്ടിനുള്ളിലെ സ്വകാര്യതയിലേയ്ക്ക് ഊളിയിടുന്ന നമ്മുടെ സമൂഹത്തെക്കുറിച്ചാണോ നീ പറയുന്നതു? ഇല്ലെങ്കില്‍ ഉടന്‍ ഈ നാട്ടില്‍ നിന്നും മറ്റെവിടേയ്ക്കെങ്കിലും ഒരു ട്രാന്‍സ്ഫര്‍ തരപ്പെടുത്താം?”
“മറ്റുള്ളവരുടെ കാര്യങ്ങള്‍ ചൂഴ്ന്നറിയാനുള്ള ആള്‍ക്കരുടെ ജിജ്ഞാസ കൂടിയിട്ടെയുള്ളു വിജയേട്ടാ.“
അങ്ങിനെ ഞങ്ങള്‍ രാമുവിനുള്ള പുത്തന്‍ പുടവയുമായ് തിരികെയെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു.
പട്ടിക്കൂടിനുള്ളില്‍ ടിപ്പുവിന്റെ ചേതനയറ്റ ശരീരം! അവന്റെ പാത്രത്തില്‍ പാതിയായ ഇറച്ചി കഷ്ണങ്ങള്‍. പട്ടിക്കൂടിനോട് ചേര്‍ന്ന് ചെടികള്‍ക്കടിക്കുന്ന കീടനാശിനിയുടെ ടിന്നും ഒരു ഓമ(പപ്പായ) തണ്ടും.മതിലിനു മുകളിലേയ്ക്ക് ചെളിപുരണ്ട രണ്ട് കാലുകള്‍ വലിഞ്ഞു കയറിയ പാടുകള്‍. സിറ്റ് ഔട്ടില്‍ രാമു ധരിച്ചിരുന്ന തോര്‍ത്തുമുണ്ട്.
അസഹനീയമായ ആ കാഴ്ചകണ്ട് സുലു അര്‍ധബോധാവസ്ഥയില്‍ താഴേയ്ക്കിരുന്നു. ഞാന്‍ അവളെ താങ്ങിപ്പിടിച്ച് തറയിലേയ്ക്കിരുന്നു.
“എന്തിനാണു വിജയേട്ട....... എന്തിനാ അവനിങ്ങനെ ചെയ്തതു?“
“കൊടുത്താല്‍ കൊല്ലത്തും കിട്ടും മോളേ. വെറുമൊരു പട്ടിയ്ക്ക് തന്നേക്കള്‍ പരിഗണനയും പരിചരണവും കിട്ടുന്നത് സമൂഹത്തില്‍ ചീഞ്ഞളിയപ്പെട്ട ആ മനുഷ്യക്കുഞ്ഞിനു സഹിച്ചിട്ടുണ്ടാവില്ല. നിന്റെ പട്ടിക്കുമേല്‍ കുറുപ്പുസാറിന്റെ പട്ടിയുടെ മഹിമ പരക്കുന്നതു കണ്ട് നിനക്കു സഹിച്ചുവൊ? അതുപോലെയേയുള്ളു ഇതും. സമൂഹത്തിലെ താഴേയ്ക്കിടെയിലുള്ള ദരിദ്ര നാരായണന്മാരെ കാണാതെ എത്ര ചന്ദ്രയാനും, കണികാ പരീക്ഷണവും, സ്മാര്‍ട്ട് സിറ്റിയും,മെട്രോയും നടത്തിയിട്ട് എന്തുകാര്യം?“
ഇതു ചിന്തകളായ് എന്റെ മനസ്സില്‍ തങ്ങിനിന്നതേയുള്ളു.
പ്രിയതമയെ നെഞ്ചോടു ചേര്‍ത്ത് സമാശ്വസിപ്പിക്കുമ്പോള്‍ രാമുവിനോട് മനസ്സില്‍ എനിക്ക് ബഹുമാനം തോന്നി.