2010, ജൂലൈ 17, ശനിയാഴ്‌ച

അമ്മ മനസ്സ്

അമ്മതന്നമ്മിഞ്ഞപ്പാലുനുകര്‍ന്നു നീ
അമ്പിളിമാമനെക്കണ്ടുറങ്ങ്
ആലിലമഞ്ചലില്‍ ചാഞ്ചാടിയാടിനീ-
യാലോലമമ്പാടിക്കുഞ്ഞുറങ്ങ്
കാലം ജയിക്കുവാന്‍ കാല്‍ വളര് കുതി-
കാല്‍ വെട്ടിനേടും ജയം തളര്
വിശ്വം ജയിക്കുവാന്‍ കൈവളര് ക്രുധ-
വിധ്വംസകമൂട്ടും നാള്‍ തളര്
ഇന്നമ്മതന്‍ മാറിന്‍ ചൂടേറ്റുറങ്ങും നീ
നാളെ നിന്‍ തായതന്‍ തണലായിട്
അമ്മയും നന്മയും തള്ളിടും പുതുമുറ-
തന്നില്‍ നീ ഭിന്നനായ് നീളെ വാഴ്
മതജാതിഭേദങ്ങള്‍ മതിനൃത്തമാടിടും
ഭുവനമതി ഭീകരം വിഷപൂരിതം
അതുനിന്റെ കണ്‍കളില്‍ കൌതുകമാവല്ലേ
മമതാരിലതു മൃതി നൊമ്പരമാം
കാല്‍കളുറപ്പിക്കും മാതൃഭൂവിന്നായി നിലകൊള്‍ക-
യതിന്‍ പുകള്‍ നെഞ്ചിലേല്‍ക്ക
അടരാടുക ജയം അധരമെത്തും വരെ
ചുടുരുധിരമൂര്‍ന്നു നീ മൃതമാകിലും.
ഇന്നുനിന്നമ്മതന്‍ പാഴ് വാക്കുകള്‍ വെറും
പായാരമായങ്ങു മാറിയേക്കാം
എങ്കിലുമോമനെ സ്നേഹിക്ക ലോകം നിന്‍
സ്നേഹ സുമങ്ങളാല്‍ സ്വര്‍ഗ്ഗമാവാന്‍
പാലുണ്ട് പാല്പുഞ്ചിരിതൂകിയമ്മതന്‍
പൊന്‍ പൈതല്‍ നല്‍ കിനാവില്‍മയങ്ങി.

ശക്തിധരന്‍ മുതുകുളം