2009, ഡിസംബർ 21, തിങ്കളാഴ്‌ച

സ്നേഹം കിനിയുന്ന വാള്‍

പൊള്ളിവിടരും സാമൂഹ്യ തീഷ്ണതകളുടെ നെരിപ്പോടിലുലയൂതി
പടവാളാം തൂലിക ഭാവനയാല്‍ തിളക്കമേറ്റി
ഈ ലോകത്തിന്റെ നെഞ്ച് കീറി
സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും
കരിപുരണ്ട കാലതിന്റെ ഇരുവശങ്ങളിലും പകുത്തിട്ട്
ദുഷ്ടചെയ്തികളുടെ കരിമരുന്നിനാല്‍ തിമിരം പൂണ്ട
ലോകത്തിന്റെ മുന്നില്‍ തുറന്നു കാട്ടേണം നീ.
നിനക്കു മതമില്ല ജാതിയില്ല വര്‍ണ്ണമില്ല വര്‍ഗ്ഗമില്ല
രാഷ്ട്രീയവുമില്ല.
നിന്റെ മതം അതു സ്നേഹം.
അനുനിമിഷം സ്വന്തം പച്ചമാംസത്തിന്റെ ഗന്ധം
നാസാരന്ധ്രങ്ങളില്‍ പേറുന്നവന്‍.
നീ ഏറ്റെടുത്തത് ഒരു മഹത്കര്‍മ്മം
അതിനു നിന്റെ കാലുകള്‍ ശക്തമെങ്കില്‍ മാത്രം
പോകുക മുന്നോട്ട് ദൂരം ബഹുദൂരം
കാരമുള്ളുകളും ഉഗ്രവിഷ സര്‍പ്പങ്ങളും നിറഞ്ഞ പാത.
നിന്റെ ഭാവന ചിറകുവിടര്‍ത്തി സ്വാതന്ത്ര്യത്തിന്റെ
സ്നേഹത്തിന്റെ കാരുണ്യത്തിന്റെ
വിഹായസ്സില്‍ പറക്കട്ടെ.
നിന്റെ തൂലികത്തുമ്പ് മാനവ മനസ്സില്‍ സ്നേഹം വിതറി
പൊന്നായിത്തീരട്ടെ.
കാലത്തിന്‍ ചരിത്രയേടുകളില്‍ നീയൊരു
സുവര്‍ണ്ണലിപിയായി വിരിയട്ടെ.
കിരാതനായൊരു മതവെറിയന്റെ
തോക്കിന്മുനയില്‍ നീ തീര്‍ന്നാലും.....................




ശക്തിധരന്‍ മുതുകുളം